മധു കൊലക്കേസ് ; കൂറുമാറിയവര്‍ക്കെതിരെ പരാതിയുമായി അമ്മ മല്ലി

അട്ടപ്പാടിയില്‍ മധു കൊലക്കേസില്‍ കൂറുമാറിയവര്‍ക്കെതിരെ പരാതിയുമായി മധുവിന്റെ അമ്മ മല്ലി. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികള്‍ മൊഴിമാറ്റിയതെന്നും ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയിലാണ് മല്ലി പരാതി നല്‍കി. രണ്ടു ദിവസം മൂമ്പാണ് പതിനേഴാം സാക്ഷി ജോളി കൂറ് മാറിയത്. പൊലിസ് നിര്‍ബന്ധപ്രകാരമാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്ന് ജോളി പറഞ്ഞു.
കേസില്‍ നേരത്തെയും പല സാക്ഷികളും കൂറുമാറിയിരുന്നു. നിലവില്‍ 7 സാക്ഷികളാണ് കേസില്‍ കൂറുമാറിയിരിക്കുന്നത്. മധു കേസില്‍ പതിനാറാം സാക്ഷിയായിരുന്ന മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലെ അബ്ദുല്‍ റസാഖിനെ കൂറുമാറിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാര്‍, കേസില്‍ കൂറുമാറിയ 15ാം സാക്ഷി മെഹറുന്നീസ എന്നിവരും കൂറുമാറിയിരുന്നു. പൊലീസില്‍ താന്‍ ഇത് വരെ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു. പതിനാലാം സാക്ഷി ആനന്ദനും കുറുമാറിയിരുന്നു.