കാലം കടന്ന് പോകുമ്പോഴും പ്രായത്തെ പിന്നോട്ടടിപിക്കുകയാണ് മമ്മൂട്ടി എന്ന അതുല്യ പ്രതിഭ. ഇപ്പോഴിതാ വ്യത്യസ്ത ലുക്കുമായി ആരാധകരെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഈ പുതിയ ലുക്ക് നവമാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുകയാണ്.
ഹാപ്പി ടൈഗര്‍ ഡേ എന്ന വാചകത്തോടെയാണ് മമ്മൂട്ടി ഫോട്ടോ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്. ഇങ്ങളല്ലേ നമ്മുടെ യഥാര്‍ഥ കടുവ, നിങ്ങള്‍ പുലി അല്ല സിംഹമാണ്, എന്നിങ്ങനെയൊക്കെ ആരാധകരുടെ കമന്റുകള്‍ കൊണ്ട് കമെന്റ് ബോക്സ് നിറയുകയാണ്. . എന്തിരുന്നാലും മമ്മൂട്ടിയുടെ ഈ പുതിയ ഫോട്ടോ ആരാധകര്‍ ആഘോഷിക്കുകയാണ്.
ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. അദ്ദേഹം ഈ സിനിമയിൽ അഭിനയിക്കാൻ എത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലടക്കം തരംഗമായിരുന്നു.
പുതിയ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്.മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ടി’നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല. ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ‘ആറാട്ടി’നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. വില്ലനായെത്തുന്നത് തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഓപ്പറേഷൻ ജാവയുടെ ക്യാമറ കൈകാര്യം ചെയ്‍ത ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീൺവർമ്മ, ചമയം ജിതേഷ് പൊയ്യ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്.