അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളെ ഇന്ന് വിസ്തരിക്കും : സാക്ഷികള്‍ ഇരുവരും സര്‍ക്കാര്‍ ശംമ്പളം വാങ്ങുന്നവര്‍

അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. സാക്ഷികള്‍ ഇരുവരും സര്‍ക്കാര്‍ ശംമ്പളം വാങ്ങുന്നവരാണ്. പതിനെട്ട് , പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. പതിനെട്ടാം സാക്ഷി കാളിമൂപ്പന്‍ വനം വാച്ചറാണ്.പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും.നേരത്തെ കൂറുമാറിയ വനംവാച്ചര്‍മാരെ പിരിച്ചുവിട്ടിരുന്നു, ഇരുവരും എന്ത് മൊഴി നല്‍കും എന്നത് നിര്‍ണായകമാണ്. കേസില്‍ 122 സാക്ഷികളുള്ളതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്‍കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. എഴുപേര്‍ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.
സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്നതിന്റെ സങ്കടത്തിലും നിരാശയിലുമാണ് മധുവിന്റെ കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി സരസു നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുകയും,കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നും സരസു പറയുന്നു. ഇതിനിടെ, അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നല്‍കിയിരുന്നു.