100 കോടിയോളം രൂപയുടെ തട്ടിപ്പ് , പിന്നിൽ 22 വയസ്സുകാരൻ

100 കോടിയോളം രൂപ തട്ടിയെടുത്തു കണ്ണൂർ സ്വദേശി മുങ്ങി. തളിപ്പറമ്പ സ്വദേശിയും ചപ്പാരപ്പടവിൽ താമസക്കാരനുമായ 22 വയസ്സുകാരനാണ് മുങ്ങിയത്. തളിപ്പറമ്പ് കാക്കത്തോടിന് സമീപം ലോത്ത് ബ്രോക് കമ്മ്യൂണിറ്റി എന്ന സ്ഥാപനത്തിൻ്റെ മറവിലാണ് വൻതുക തട്ടിയത്.

പണം നിക്ഷേപിച്ചാൽ ദിവസങ്ങൾ കൊണ്ട് വൻ തുക ലാഭവിഹിതമായി തിരികെ നൽകാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ആളുകൾ പണം നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 13 ദിവസം കൊണ്ട് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ ലഭിക്കുമെന്നാണ് വാഗ്ദാനം. ഇത്തരത്തിൽ ഒരു ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. സ്വർണ്ണവും നിക്ഷേപമായി സ്വീകരിക്കാറുണ്ട്. ഇയാളുടെ വാഗ്ദാനത്തിൽ കുടുങ്ങി നിരവധി സ്ത്രീകൾ സ്വർണ്ണം നിക്ഷേപിച്ചിട്ടുണ്ടന്നാണ് വിവരം. എന്നാൽ ഇത് വരെ പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.. ഇതില്‍ കൂടുതലും രേഖകളില്ലാത്ത പണമായതിനാലാണ് പരാതി നല്കാത്തതെന്ന് ആരോപണമുണ്ട്. ഇത്രയും വലിയ തട്ടിപ്പ് വാർത്തയറിഞ്ഞതിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ. അതിനിടയിൽ ഇയാളുടെ സഹായി സുഹൈറിനെ കാണാതായെന്ന പരാതി ഉണ്ടായിരുന്നു.. ജൂലായ് 23 മുതല്‍ സുഹൈറിനെ കാണാനില്ലെന്ന് മാതാവ് തറച്ചാണ്ടിലകത്ത് വീട്ടില്‍ ആത്തിക്കയാണ് ഇന്നലെ പോലീസില്‍ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പോലീസ് സുഹൈറിനെ കണ്ടെത്തി.

അടുത്തിടെ തളിപറമ്പ് മന്നക്ക് അടുത്ത് തുടങ്ങിയ സൂപ്പർ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ യുവാവിന് ഫിഷ് സ്റ്റാളും ഉണ്ട്. പണം ലഭിക്കാനുള്ളവർ സൂപ്പർ മാർക്കറ്റിലെത്തി ബഹളം വെച്ചിരുന്നു. സുഹൈര്‍ ഈ മല്‍സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തിച്ചയാളുമായിരുന്നുവെന്ന് ആരോപണമുണ്ട്. സുഹൈറിനെ തട്ടികൊണ്ട് പോയ രണ്ട് പേരെ തളിപ്പറമ്പ് പോലീസ് പിടികൂടിയിട്ടുന്ന വിവരമുണ്ട്. എന്നാൽ പോലീസിന്റ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ആദ്യോഗിക പ്രതികരണം ഇത് വരെ ലഭ്യമായിട്ടില്ല.