കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ

കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം ഇന്ന് മുതൽ വിതരണം ചെയ്യും. ഡ്രൈവ‍ർമാ‍ർക്കും കണ്ടക്ട‍ർമാർക്കുമാണ് ആദ്യം ശമ്പളം കൊടുക്കുന്നത്. ബാങ്കിൽ നിന്ന് ഇന്നലെ ഓവ‍‍‍‍ർ‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേ‍ർത്താണ് ഈ രണ്ട് വിഭാഗങ്ങൾക്ക് ശമ്പളം നൽകുന്നത്. കരാ‍ർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങി. സർക്കാരിൽ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതോടെയാണ് ശമ്പള വിതരണം ആരംഭിച്ചത്. ജൂണിലെ ശമ്പള വിതരണം പൂ‍ർത്തിയാക്കാൻ 26 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. പുനരുദ്ധാരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേഷന്‍ ഓഫീസുകള്‍ പൂട്ടി ജില്ലാ ഓഫീസുകള്‍ തുടങ്ങിയതോടെ ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികളാണ് വാടകയ്ക്ക് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ടിക്കറ്റേതര വരുമാനവും വർധിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി.