സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ഭരണഘടനയെ ചവിട്ടിമെതിച്ചാണ് രാംനാഥ് കോവിന്ദ് അധികാരമൊഴിയുന്നത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകള്‍ പൂര്‍ത്തീകരിച്ചാണ് രാംനാഥ് കോവിന്ദ് മടങ്ങുന്നതെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിന്റെ ഭരണഘടനപദവി എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം, ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമം എന്നിവ രാംനാഥ് കോവിന്ദിന്റെ കാലത്താണ് ഉണ്ടായത്. എന്നാല്‍ മുഫ്തിയുടെ പരാമര്‍ശത്തെ മുതിര്‍ന്ന ബിജെപി നേതാവും ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ നിര്‍മല്‍ സിംഗ് വിമര്‍ശിച്ചു. കോവിന്ദിനെ ആക്രമിച്ചതിലൂടെ മുഫ്തി ദളിത് സമൂഹത്തെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.