ഡല്‍ഹിയില്‍ യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മുപ്പത്തിനാലുകാരന് വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ അടുത്തിടെ ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതോടെ രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ മൂന്നു ദിവസം മുന്‍പ് ഇയാളെ ഡല്‍ഹി മൗലാന ആസാദ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നപ്പോള്‍ പോസിറ്റീവ് ആയി.
കേരളത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്നു പേരും വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ യുഎഇയില്‍നിന്നും ബാക്കി രണ്ടു പേര് ദുബായില്‍നിന്നും. മങ്കിപോക്സ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഇതിനെ നേരിടാന്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 74 രാജ്യങ്ങളില്‍ ഇതുവരെ രോഗം കണ്ടെത്തി.