അത്ലറ്റിക്സില്‍ ചരിത്ര നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര: ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ 

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. മത്സരത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളിയിലേക്കെത്തിയത്. 2022 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം കൂടിയാണിത്. അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി.
ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം പിന്നിട്ട നിലവിലെ ചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സന്‍ സ്വര്‍ണം നിലനിര്‍ത്തി. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നതെന്ന പ്രത്യേകതയും ഈ വെള്ളി തിളക്കത്തിനുണ്ട്.
ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10-ാം സ്ഥാനത്തോടെ മെഡല്‍ പോരാട്ടത്തില്‍നിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം. മൂന്നാം ശ്രമത്തിലാണ് രോഹിത് യാദവും തന്റെ മികച്ച ദൂരമായി 78.72 മീറ്റര്‍ കണ്ടെത്തിയത്.