‘കെ റെയില്‍’ വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍

കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്‍റെ ഡിപിആറില്‍ മതിയായ വിശദാംശങ്ങളില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്‍റില്‍ വിശദീകരിച്ചു. കെ റെയിലിനോട്  വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കെ റെയില്‍ പദ്ധതിക്കുള്ള അനുമതി നീളും എന്നുള്ള സൂചനകളാണ് കേന്ദ്രം നിലവിൽ പാര്‍ലമെന്‍റില്‍ നല്‍കുന്നത്. ചോദ്യത്തിന് മറുപടിയായ് രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തോട് പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്ന് ഈ രേഖയില്‍ വിശദമാകുന്നുണ്ട്. കെ റെയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ വിശദാംശങ്ങള്‍ ലഭ്യമായ ശേഷം കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്. മണ്ണിന്‍റെ അവസ്ഥ, പരിസ്ഥിതി പ്രശ്നങ്ങള്‍ , കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആലോചന നടത്തേണ്ടതുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു.