കോലിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് അധികം വൈകില്ല; സിംബാബ്‌വെക്കെതിരെ കളിപ്പിക്കുമെന്ന് സൂചന

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ നിന്ന് വിശ്രമം അനുവദിച്ച വിരാട് കോലിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് അധികം വൈകില്ലെന്നാണ് സൂചന. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് വിശ്രമം അനുവദിച്ച കോലിയെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കരിയറിൽ ഒമ്പത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് കോലി സിംബാബ്‌വെക്കെതിരെ കളിക്കാനൊരുങ്ങുന്നത്. അവസാനമായി കളിച്ചത് 2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിൽ സിംബാബ്‌വെക്കെതിരെയാണ്.
ഏഷ്യാ കപ്പിന് മുന്നോടിയായി ഓഗസ്റ്റ് 18മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങളാണ് കളിക്കുക. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിര ടീമിനെയാകും ഇന്ത്യ സിംബാബ്‌വെയിലേക്കും അയക്കുകയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കോലിയെ കൂടി ടീമിലുള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.