മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സൗദി അറേബ്യയിലെ ഒരു ക്ലബ്ബ് ശ്രമം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് സീസണുകളിലായി 230 മില്യൺ യൂറോ (ഏകദേശം 2010 കോടി രൂപ) പ്രതിഫലം ലഭിക്കുന്ന ഭീമൻ ഓഫറാണ് വന്നതെങ്കിലും പോർച്ചുഗീസ് താരം അത് പരിഗണിച്ചില്ലെന്നാണ് റിപോർട്ടുകൾ പറയുന്നത്. യൂറോപ്പിൽ തന്നെ തുടരാനും ചാമ്പ്യൻസ് ലീഗ് കളിക്കാൻ അവസരമുള്ള ക്ലബ്ബിൽ ചേരാനുമാണ് താരം ശ്രമിക്കുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.
മാഞ്ചസ്റ്റർ യുനൈറ്റഡിൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോറർ ആയിരുന്നെങ്കിലും, ക്ലബ്ബിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തേ ഫിനിഷ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതോടെ, വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന ക്രിസ്റ്റ്യാനോയുടെ മോഹം അവതാളത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മികച്ച ഓഫറുകൾ വന്നാൽ താൻ ക്ലബ്ബ് വിടുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചത്.