കണ്ണൂർ തലശ്ശേരിയിൽ രാത്രി കടൽപ്പാലം സന്ദർശിക്കാനെത്തിയ ദമ്പതികൾക്കെതിരായ സദാചാര ആക്രമണത്തിൽ പൊലീസിന് ക്ലിൻ ചിറ്റ്. പൊലീസിന് നേരെയുള്ള സദാചാര ആക്രമണം അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നു കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി.
കസ്റ്റഡിയിൽ എടുക്കുമ്പോഴുള്ള സമയത്തെ പിടി വലിയിലാണ് പ്രത്യുഷിന് പരിക്കേറ്റത്. പ്രത്യുഷിനെ പൊലീസ് മർദിച്ചിട്ടില്ലെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് തലശേരി എ സിയുടെ റിപ്പോർട്ട്. സ്റ്റേഷനിലെ സി സി ടി വിയിൽ പൊലീസ് പ്രത്യുഷിനെ മർദിക്കുന്ന ദൃശ്യങ്ങളും ഇല്ല. കടൽ പാലത്തില്‍ വെച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസ് ഉണ്ടായിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും അതിന് ശേഷവും ഉള്ളത് ഒരേ മുറിവാണെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസ് മർദിച്ചുവെന്നാണ് പ്രത്യുഷ് ആരോപിച്ചിരുന്നത്.
കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷിനും ഭാര്യ മേഘയ്ക്കും നേരെ പൊലീസിന്റെ സദാചാര ആക്രമണം ഉണ്ടായത്. രാത്രി കടൽപ്പാലം സന്ദർശിക്കാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നായിരുന്നു പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.
പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. പൊലീസ് അകാരണമായി മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.