കേരളത്തിൽ വിദേശത്ത് നിന്നും എത്തിയ ആൾക്ക് മങ്കി പോക്സ് ബാധ ആണെന്ന് സംശയം. നാല് ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് ഇയാൾ എത്തിയത്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്സിൻ്റെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങൾ സ്ഥിരീകരിച്ചു.
പ്രാഥമിക പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു. വേണ്ട ചികിത്സ നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. രോഗിയുടെ സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ് മങ്കീപോക്സ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മങ്കീപോക്സ് ബാധിതരിൽ മരണനിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോൺടാക്ട് ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി പറഞ്ഞു.
1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാമ്മ്യമുണ്ട്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്