വളപട്ടണം ഐഎസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി

കണ്ണൂർ വളപട്ടണം ഐഎസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി. പ്രതികളായ ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിരാജ്,‌ വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്‌, തലശ്ശേരി ചിറക്കര സ്വദേശി യു.കെ.ഹംസ എന്നിവരാണ് പ്രതികൾ. കഴിഞ്ഞ 5 വർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയിൽ കുറച്ച് ഇളവ് നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.

തീവ്രവാദ ചിന്താഗതി പൂർണമായും ഉപേക്ഷിച്ചെന്നും ശിക്ഷയിൽ ഇളവ് തരണമെന്നും പ്രതി ഹംസ കോടതിയോട് അപേക്ഷിച്ചു. എല്ലാ മനുഷ്യരേയും ഒരു പോലെ കാണുമെന്നും ഹംസ പറഞ്ഞു. ഐഎസ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. നേരത്തെ അത്തരത്തിൽ നിലപാട് എടുത്തതിൽ പശ്ചാതാപമുണ്ടെന്നും ഹംസ കോടതിയെ അറിയിച്ചു. അതേസമയം, പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ൽ ഏറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസിൽ നേരത്തെ ലോക്കൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സിറിയയിൽ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്.