മട്ടന്നൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ അച്ഛനും മകനും മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തത്തിലേക്ക്. നിധിയാണെന്ന് കരുതിയാണ് ഇരുവരും സ്‌ഫോടകവസ്തു തുറന്നുനോക്കിയത്. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മട്ടന്നൂര്‍ 19-ാം മൈലില്‍ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ ഫസല്‍ ഹഖ്(45) മകന്‍ ഷഹിദുള്‍(22) എന്നിവര്‍ മരിച്ചത്. മറുനാടന്‍ തൊഴിലാളികളായ ഇരുവര്‍ക്കും ആക്രി സാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന ജോലിയാണ്. മാസങ്ങളായി സുഹൃത്തുക്കളായ മറ്റുള്ളവര്‍ക്കൊപ്പം 19-ാം മൈലിലെ വാടകവീട്ടിലായിരുന്നു താമസിച്ചത്. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നനിലയിലും ഫസല്‍ ഹഖിനെ മരിച്ചനിലയിലും കണ്ടെത്തി. കൈപ്പത്തി അറ്റുപോയി മുഖത്തടക്കം മാരകമായി പരിക്കേറ്റ ഷഹിദുള്‍ വീടിന്റെ താഴേക്ക് ഇറങ്ങിവന്നിരുന്നു. ഉടന്‍തന്നെ ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.