അസമിലെ ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവും ലോക്‌സഭാ അംഗവുമായ ബദ്‌റുദ്ദീൻ അജ്മൽ, പശുക്കളെ പെരുന്നാളിന് ബലിയർപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്ക് പശു മാതാവിനെപ്പോലെയാണെന്നും അതിനാൽ ബലിപെരുന്നാളിന് അവയെ അറക്കാൻ പാടില്ലെന്നുമാണ് ബദ്‌റുദ്ദീൻ അജ്മൽ അസമിലെ മുസ്‌ലിംകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
”വ്യത്യസ്തമായ ഒരുപാട് സമുദായക്കാരുടെയും മതക്കാരുടെയും വിഭാഗക്കാരുടെയുമെല്ലാം നാടാണ് ഇന്ത്യ. പശുവിനെ വിശുദ്ധ ചിഹ്നമായി കണക്കാക്കി ആരാധിക്കുന്ന സനാതന ധർമം പിന്തുടരുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷവും. പശുവിനെ മാതാവായാണ് ഹിന്ദുക്കൾ കാണുന്നത്.”-ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞു.
ഒരു മൃഗത്തെയും അറക്കാൻ ഇസ്‌ലാം നിർദേശിക്കുന്നില്ലെന്നും ബദ്‌റുദ്ദീൻ അജ്മൽ അഭിപ്രായപ്പെട്ടു. അതിനാൽ, പെരുന്നാളിന് പശുവിനെ അറുക്കരുത്. പശുക്കളെ ബലിയർപ്പിക്കുന്നത് ഒഴിവാക്കാൻ രണ്ടുവർഷം മുൻപ് ദാറുൽ ഉലൂം ദയൂബന്ദും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ബദ്‌റുദ്ദീൻ അജ്മൽ ചൂണ്ടിക്കാട്ടി. അസമിലെ മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദും പെരുന്നാളിന് പശുവിനെ അറക്കരുതെന്നും ആഹ്വാനം ചെയ്തു.