സംസ്ഥാനത്ത് വീണ്ടും മഴ ശാക്തമാവുമെന്ന് മുന്നറിയിപ്പ്. അടുത്ത 4 ദിവസത്തേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. വടക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.