കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ് ; കലി തീരുന്നില്ലെങ്കിൽ ഞങ്ങളെ കൂടി കൊല്ലൂ

ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെതിരെ പരാതി നൽകുമെന്ന് കൊല്ലപ്പെട്ട ധീരജിന്‍റെ കുടുംബം. മരണം ഇരന്ന് വാങ്ങിയെന്ന പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന് മാധ്യമങ്ങളുടെ മുന്നില്‍ കരഞ്ഞുകൊണ്ട് ധീരജിന്‍റെ അച്ഛന്‍ പറഞ്ഞു. ഇരന്ന് വാങ്ങിയ മരണമെന്ന്  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് തങ്ങളാണ് കൊന്നതെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണതെന്നും ധീരജിന്‍റെ അച്ഛന്‍ പറഞ്ഞു. നിരപരാധിയായ ഞങ്ങളുടെ മകനെ കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ്. കലി തീരുന്നില്ലെങ്കിൽ ഞങ്ങളെ കൂടി കൊല്ലണമെന്ന് ധീരജിന്‍റെ അമ്മ പറഞ്ഞു. ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്നും ധീരജിന്‍റെ കുടുംബം പറഞ്ഞു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കെഎസ്‍യു പ്രവര്‍ത്തകന്‍റെ കുത്തേറ്റാണ് ധീരജ് മരിച്ചത്.