സ്ത്രീകൾക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വനിതാ ശിശു വികസന വകുപ്പിൽ പരാതിയുമായി വന്നത് 1902 സ്ത്രീകൾ. കഴിഞ്ഞ വർഷം 1288 പേർ പരാതി നൽകിയിരുന്നു. ഈ വർഷം 614 പേർ പരാതികൾ ലഭിച്ചു. ഗാർഹിക അതിക്രമ പരാതികളാണ് കൂടുതലും. പരാതികൾ ലഭിച്ചാൽ ഉടൻ വനിതാ സംരക്ഷണ ഓഫിസർ അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട്(ഡിഐആർ) വുമൺ പ്രൊട്ടക്‌ഷൻ ഓഫിസർ നൽകുന്നതോടെ എതിർ കക്ഷിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യപ്പെടും. സ്ത്രീ സുരക്ഷ: പരാതിപ്പെടാൻ കൂടുതൽ ഇടം പരാതി നൽകാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ വനിതാ ശിശുവികസന വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്‌ഷൻ ഓഫിസുൾപ്പെടെ 9 കേന്ദ്രങ്ങളിലാണ് അതിക്രമങ്ങളെപ്പറ്റി പരാതിപ്പെടാൻ സൗകര്യമുള്ളത്. സർക്കാരിനു കീഴിൽ കലക്ടറേറ്റിലെ വുമൺ പ്രൊട്ടക്‌ഷൻ ഓഫിസ്(8281999064), 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂത്തുപറമ്പിലെ സഖി വൺ സ്റ്റോപ്പ് സെന്റർ(7306996066), തലശ്ശേരി ഗവ.മഹിളാ മന്ദിരം(04902321511), എൻജിഒകളായ തളാപ്പ് ഹൃദയാരാം സർവീസ് പ്രൊവൈഡിങ് സെന്റർ(9447278001), പഴയങ്ങാടി ശാസ്ത (8075466112), പള്ളിക്കുന്ന് മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി (9497838063), ചാലോട് പീപ്പിൾ ആക്ഷൻ ഫോർ കമ്യുണിറ്റി എംപവർമെന്റ്(9946678858), തലശ്ശേരി ടിഎസ്എസ്(04902342270), മേലെചൊവ്വ ഐആർപിസി(9061462985) എന്നിവിടങ്ങളിലാണ് പരാതികൾ നൽകാനാകുക.