സിപിഎം ഫണ്ട് വിവാദത്തിലെ അച്ചടക്ക നടപടിക്ക് ശേഷമുള്ള പയ്യന്നൂരിലെ ആദ്യ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ട്, ധൻരാജ് രക്തസാക്ഷി ഫണ്ട്, നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ സംബന്ധിച്ച പുതിയ കണക്ക് നേതൃത്വം യോഗത്തിൽ അവതരിപ്പിച്ചേക്കും. നേരത്തെ അവതരിപ്പിച്ച കണക്കിൽ വ്യക്തത കുറവുണ്ടെന്ന് ഒരു വിഭാഗം വിമര്‍ശിച്ചതിനാലാണ് പുതിയ കണക്ക് അവതരിപ്പിക്കുന്നത്. കണക്ക് തൃപ്തികരമല്ലെങ്കിൽ ഏരിയാ കമ്മിറ്റി അംഗങ്ങളിൽ ചിലർ ബദൽ കണക്ക് അവതരിപ്പിച്ചേക്കുമെന്നുംസൂചനയുണ്ട്. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും അതേസമയം വി കുഞ്ഞികൃഷ്ണന്‍ പങ്കെടുക്കില്ല.
പയ്യന്നൂരിൽ പാർട്ടി ഫണ്ടുകളിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നു എന്ന പരാതിയാണ് ഒരു വിഭാഗം ജില്ലാ കമ്മിറ്റിക്ക് നല്‍കിയത്. അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂർ എംഎൽഎ, ടി.ഐ.മധുസൂധനനെ തരംതാഴ്ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ പദവിയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു
എന്നാല്‍ പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും ഫണ്ട് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടാവുക മാത്രമാണ് സംഭവിച്ചത് എന്നുമായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം.