കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ ആദ്യത്തെ രാജ്യാന്തര സർവീസ് ആരംഭിച്ചു. കണ്ണൂർ–മസ്കത്ത് സെക്ടറിലാണ് എയർ ഇന്ത്യ സർവീസ് നടത്തിയത്. ആദ്യ സർവീസിനായി കണ്ണൂരിലെത്തി ചേർന്ന വിമാനത്തെ റൺവേയിൽ നിന്ന് ജലാഭിവാദ്യംചെയ്ത് കിയാൽ സ്വീകരിച്ചു. ഫ്ലൈറ്റ് ക്രൂവിനെയും ആദ്യ ദിനത്തെ യാത്രയ്ക്ക് വേണ്ടി എത്തിയ യാത്രക്കാരെയും കിയാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. എയർ കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സിഐഎസ്എഫ് കമൻഡാന്റ് അനിൽ ദൊണ്ടിയാൽ കിയാൽ ഓപ്പറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ, കെ.ജി.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.