രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക്.. പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്.. നേതാക്കളെ പൊലീസ് തടഞ്ഞു..

നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക് കടക്കവെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പ്രതിഷേധം ജന്തർ മന്ദിറിലേക്ക് മാറ്റി. പൊലീസ് തടഞ്ഞാൽ എഐസിസി ആസ്ഥാനത്തും എംപിമാരുടെ വസതികളിലുമായി പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം എഐസിസി ആസ്ഥാനത്തെത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ഗേറ്റിന് മുന്‍വശം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.

പ്രവർത്തക സമിതി അംഗങ്ങൾ, എം പിമാർ, പിസിസി അധ്യക്ഷൻമാർ, മുഖമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരോട് ഡൽഹിയിൽ എത്താൻ നിർദേശം നൽകിയിരുന്നു. ഇതിന് പുറമെ ചുരുങ്ങിയത് ഒരു ജില്ലയിൽ നിന്ന് രണ്ട് പേരെ വീതം ഡൽഹിയിൽ എത്തിക്കാനാണ് പി.സി.സികൾക്ക് നൽകിയ നിർദേശം. നേരത്തെ നടന്ന പ്രതിഷേധങ്ങൾക്കിടെ എം.പിമാരെ ഡൽഹി പൊലീസ് കസ്റ്റഡിൽ എടുത്തതിലും കോൺഗ്രസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയതിലും വൈകിട്ട് അഞ്ച് മണിക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് നേതാക്കൾ പരാതി നൽകും. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് ഇന്ന് പ്രതിഷേധിക്കും.