കുഴൽമന്ദത്ത് KSRTC ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവം; അപകടം മനഃപൂർവം ഉണ്ടാക്കിയതാണെന്ന് കുറ്റപത്രത്തില്‍

പാലക്കാട്:  പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് 2 യുവാക്കൾ സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഡ്രൈവര്‍ ഔസേപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തത്.
ഫെബ്രുവരി ഏഴിനാണ് കുഴൽമന്ദത്ത് ദേശീയപാതയിൽ യുവാക്കൾ കൊല്ലപ്പെട്ട അപകടമുണ്ടായത്. 304 എ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത ബസ് ഡ്രൈവർ ഔസേപ്പിനെ ജാമ്യത്തിൽ വിട്ടിരുന്നു. തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവാക്കളുടെ കുടുംബം രംഗത്തെത്തിയതോടെ മൂന്ന് ദൃക്‌സാക്ഷികള്‍ നൽകിയ മൊഴിയുടെയും സിസിടിവി ദൃശ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഡ്രൈവർ ഔസേപ്പിനെതിരെ ഐപിസി വകുപ്പ് 304 കൂട്ടിച്ചേർത്തത്.
യാത്രക്കിടെ ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തിന്‍റെ പ്രതികാരമായി ബൈക്ക് യാത്രികരെ ബസിനും ലോറിക്കും ഇടയിലാക്കി മനഃപൂര്‍വം അപകടത്തില്‍ പെടുത്തുകയായിരുന്നു എന്ന് ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.ബസ് ഡ്രൈവർ ഔസേപ്പ് ഇപ്പോൾ സസ്പെന്‍ഷനില്‍ ആണ്. ഔസേപ്പിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു