പയ്യന്നൂർ : പയ്യന്നൂർ സി പി ഐ എമ്മിലെ ഫണ്ട് തിരിമറി പുതിയ വിവാദങ്ങളിലേക്ക്. ആരോപണവിധേയനായ പയ്യന്നൂർ എം എൽ എ ടി ഐ മധുസൂധനനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം
താഴ്ത്തിയതിനൊപ്പം പയ്യന്നൂർ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് മാറ്റിയതാണ് പാർട്ടിക്കുള്ളിൽ വിഭാഗീയതക്ക് കാരണമായത്. പരാതി ഉന്നയിക്കുകയും മേൽക്കമ്മറ്റിക്ക് പരാതി നൽകുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്ത വി കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തത് അണികളിൽ ശക്തമായ എതിർപ്പിന് കാരണമായിട്ടുണ്ട്. കരിവെള്ളൂർ മേഖലയിലെ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലും എതിർപ്പുയർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കുഞ്ഞികൃഷ്ണന്റെ ഫോട്ടോ പ്രൊഫൈൽ പിക്ച്ചർ ആക്കിയും പാർട്ടി വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് പുറത്തുപോയും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട്, രക്തസാക്ഷി ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണച്ചിട്ടി തിരിമറി എന്നീ ഗുരുതര ആരോപണങ്ങളായിരുന്നു എം എൽ എ ഉൾപ്പെടെയുള്ളവർക്ക് നേരെ ഉയർന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച കുഞ്ഞികൃഷ്ണൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സ്ഥാനവും രാജിവെച്ചിരുന്നു. സി പി ഐ എമ്മുമായി സഹകരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള ശ്രമം ജില്ലാ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിക്കൃഷ്ണനുമായി പാർട്ടി നേതൃത്വം ചർച്ച നടത്തും. ഫണ്ട് തിരിമറി വിവാദത്തിൽ പയ്യന്നൂരിലെ പാർട്ടിയിൽ വിഭാഗീയത ശക്തമായ സാഹചര്യത്തിലാണ് ആരോപണ വിദേയനും ആരോപണം ഉന്നയിച്ചയാളും നടപടി നേരിട്ടത്. ഇരു വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുക എന്നായിരുന്നു പാർട്ടി ലക്‌ഷ്യം. എന്നാൽ കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്തതിൽ പ്രാദേശിക ഘടകങ്ങളിൽ എതിർപ്പ് രൂക്ഷമാണ്. ഇത് മനസ്സിലാക്കിയാണ് പാർട്ടിയുടെ അനുനയ നീക്കം