കോഴിക്കോട് കൊയിലാണ്ടി മുത്താമ്പിയില്‍ പോലീസ് നോക്കി നില്‍ക്കെ കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവന്ന ചായം തേച്ച് സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. രണ്ട് ദിവസം മുമ്പ് മുത്താമ്പിയിലെ ഈ കോണ്‍ഗ്രസ് കൊടിമരത്തില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു. കൊടിമരം കഴുകി വൃത്തിയാക്കുന്നതിനിടയിലുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പിയില്‍ ഹര്‍ത്താല്‍ നടത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഏതാനും സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സി.പി.എം മുത്താമ്പിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. ഇതിന് ശേഷമാണ് സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിന്റെ കൊടിമരത്തില്‍ ചുവന്ന ചായം തേച്ചു പാര്‍ട്ടി പതാക ഉയര്‍ത്തിയത്. പോലീസ് നോക്കി നില്‍ക്കുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ചായം തേച്ചതും കൊടി ഉയര്‍ത്തിയതും. അതിക്രമം തടയുന്നതില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായും സംഭവത്തില്‍ അതി ശക്തമായ പ്രതിഷേധിക്കുന്നുവെന്നും കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരന് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുത്താമ്പിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.