അഗ്നീപഥ് പദ്ധതി ; ഉത്തരേന്ത്യയില്‍ പ്രതിഷേധം കത്തുന്നു , ഇന്നും ട്രെയിനുകൾക്ക് തീയിട്ടു

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക പദ്ധതി അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു.ബീഹാറില്‍ ഇന്ന് 4 ട്രെയിനുകള്‍ കത്തിച്ചു.യുപിയിലും ട്രെയിനിന് തീയിട്ടു. ബീഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണമുണ്ടായി. സമസ്തിപൂരിലും ലക്കിസരായിയിലും സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനുകൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്. ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസും വിക്രംശില എക്സ്പ്രസുമാണ് കത്തിച്ചത്.ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷനിലും ബക‍്‍സർ, ലഖിസരായി, ലാക‍്‍മിനിയ എന്നിവിടങ്ങളിലെ റെയിൽവേ ട്രാക്കിലും ഉദ്യോഗാർത്ഥികൾ തീയിട്ടു. ഹരിയാനയിൽ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രാജസ്ഥാനിലും ജമ്മുവിലും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.അക്രമം വ്യാപകമായതോടെ പ്രതിഷേധം തണുപ്പിക്കാന്‍ അഗ്നിപഥില്‍ നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള പ്രായപരിധി കേന്ദ്ര സർക്കാർ ഉയർത്തി. നേരത്തെ 21 ആയിരുന്നെങ്കിൽ ഇപ്പോൾ അത് 23 ആക്കിയാണ് ഉയർത്തിയത്.