സംസ്ഥാനത്ത് കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വ്യാഴാഴ്ച വ്യക്തമാക്കിയത്. ജൂൺ 3,5, 6 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെൽലോ അലേർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് നിന്ന് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.