തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ പേരിൽ വ്യാജവിഡിയോ പ്രചരിപ്പിക്കപ്പെട്ട കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ യുഡിഎഫിനെതിരെ ഒരു പരാമർശവുമില്ല. വിഡിയോ പ്രചരിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ ഇല്ലാ. നസീറാണ് വിഡിയോയുടെ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് നേതാവായ നൗഫലാണ് യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വിഡിയോ പ്രചരിപ്പിച്ചത്. അരൂക്കുറ്റിയുടെ ശബ്ദം എന്ന എഫ്ബി പേജ് വഴിയും ഗീതാ തോമസ് എന്ന ഫേക്ക് പ്രൊഫൈൽ വഴിയും ഇയാൾ വിഡിയോ ഷെയർ ചെയ്തിരുന്നു. നൗഫലിന്‍റെ ശബ്ദരേഖകൾ വിശദമായി പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പിടിയിലായ അബ്ദുൾ ലത്തീഫിനെയും നൗഫലിനെയും നസീറിനെയും പതിനാല് ദിവസത്തേക്ക് കാക്കനാട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഐടി ആക്ടിലെ 67 എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 നാല് തുടങ്ങിയ വകുപ്പുകളാണ് മൂന്ന് പേർക്കും എതിരെ ചുമത്തിയത്. ഈ മൂന്ന് അറസ്റ്റുകളല്ലാതെ പിന്നീട് കസ്റ്റഡിയോ അറസ്റ്റുകളോ ഉണ്ടായിട്ടില്ല.