വിജയ് ബാബു വിമാന ടിക്കറ്റ് റദ്ദാക്കിയതായി പൊലീസ്, ടിക്കറ്റ് റദ്ദാക്കിയത് അറസ്റ്റ് ഭയന്ന്

യുവ നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെ ഹൈക്കോടതിയിൽ സമർപ്പിച്ച വിമാന ടിക്കറ്റ് നടനും നിർമാതാവുമായ വിജയ് ബാബു റദ്ദാക്കിയതായി പൊലീസ്. ഇന്നു രാവിലെ 9ന് ദുബായിൽ നിന്നു കൊച്ചിയിലേക്കെത്തുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ടിക്കറ്റായിരുന്നു കോടതി നിർദേശപ്രകാരം വിജയ് ബാബുവിന്റെ അഭിഭാഷകർ ഹാജരാക്കിയത്. എന്നാൽ ഇന്നത്തെ ഇമിഗ്രേഷൻ ലിസ്റ്റിൽ വിജയ് ബാബുവിന്റെ പേരു കണ്ടെത്തിയിട്ടില്ല. ഇന്ത്യൻ നിയമ സംവിധാനങ്ങളുടെ പരിധിയിൽ എത്തിയിട്ടു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു കോടതി നിലപാടെടുത്തതോടെയാണ് ഇന്നു കൊച്ചിയിലെത്തുമെന്നും ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചത്. എന്നാൽ കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് റിക്കറ്റ് റദ്ദാക്കിയതെന്നാണ് വിവരം. ടിക്കറ്റ് ഹാജരാക്കിയ പശ്ചാത്തലത്തിൽ കേസിൽ വാദം കേൾക്കാമെന്നു കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകരുടെ നിർദേശപ്രകാരം വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയെന്നാണ് വിവരം. ഇന്നു കേസ് പരിഗണിക്കുമ്പോൾ അനുകൂല നിലപാട് ഉണ്ടാകുമോ എന്നു നോക്കിയ ശേഷം കോടതി നിർദേശിക്കുന്നതു പ്രകാരം കേരളത്തിലെത്താനാണ് വിജയ് ബാബുവിന്റെ തീരുമാനം. നേരിട്ടു പൊലീസിനു പിടികൊടുക്കുന്ന സാഹചര്യമുണ്ടായാൽ റിമാൻഡിലാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് നടപടി. ടിക്കറ്റ് റദ്ദാക്കിയ വിവരം വിജയ് ബാബുവിന്റെ അഭിഭാഷർ കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.