ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയിൽ പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അച്ഛൻ കസ്റ്റഡിയിൽ. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്ക്കര്‍ അലിയെ കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും താൻ സ്വയം കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്റെ പ്രതികരണം. ഇത് തന്നെയാണ് കുട്ടിയുടെ അച്ഛനും ആവര്‍ത്തിക്കുന്നത്. മകനെ മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം പങ്കെടുക്കാറുണ്ടെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും കുട്ടിയുടെ അച്ഛനും പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്ത് വയസുകാരനായ ആൺകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമുയര്‍ന്നു.