പി സി ജോർജിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു

മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പി സി യെ പൂജപ്പുര ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ച്കൊവിഡ് പരിശോധനയടക്കം നടത്തി. ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തി തന്നെയാണ് പരിശോധനകൾ നടത്തിയത്. പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോർജ് കോടതിയിൽ പറഞ്ഞു. പൊലീസ് കാരണം പി സി ക്ക് ജീവിക്കാൻ കഴിയുന്നില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു. പൊലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചതിന് ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു. പി സി ജോർജിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി ആവശ്യം പരി​ഗണിക്കാതെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. അസുഖങ്ങൾ ഉണ്ടെങ്കിലും ജയിലിൽ പോകാൻ തയാർ എന്ന് പി സി ജോർജ്‌ കോടതിയെ അറിയിച്ചതായും അഭിഭാഷകൻ പറഞ്ഞു.