കേന്ദ്രം കുറച്ചിട്ടും കേരളത്തിൽ കുറയാതെ പെട്രോൾ വില

കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ കുറവ് വരുത്തിയെങ്കിലും കേരളത്തിൽ പെട്രോൾ വിലയിൽ ആനുപാതികമായ കുറവുണ്ടായിട്ടില്ല. പെട്രോളിന് എട്ട് രൂപ കേന്ദ്രം കുറച്ചപ്പോൾ 2 രൂപ 41 പൈസ സംസ്ഥാനത്തും കുറഞ്ഞു. ഇതനുസരിച്ച് പെട്രോളിന് 10 രൂപ 41 പൈസ കുറയേണ്ടതായിരുന്നുവെങ്കിലും സ്ഥാനത്ത് 9 രൂപ 48 പൈസ മാത്രമേ കുറഞ്ഞുള്ളൂ. എണ്ണകമ്പനികൾ അടിസ്ഥാന വിലകൂട്ടിയതാണ് നിരക്കിലെ വ്യത്യാസത്തിന് കാരണമെന്നാണ് കേരളത്തിന്റെ വിശദീകരണം. 115 രൂപ 20 പൈസയായിരുന്നു ശനിയാഴ്ച കൊച്ചിയിലെ പെട്രോൾ നിരക്ക്. ഇതിനുപിന്നാലെ കേന്ദ്രം കുറച്ചതും സംസ്ഥാനം വേണ്ടെന്ന് വച്ചതുമായ കണക്ക് നോക്കുമ്പോൾ 104 രൂപ 79 പൈസക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടേണ്ടതായിരുന്നു. എന്നാൽ കൊച്ചിയിലെ പമ്പുകളിൽ ഇപ്പോൾ 105 രൂപ 70 പൈസയാണ് പെട്രോളിന് ശരാശരി നിരക്ക്.