പുന്നോൽ ഹരിദാസൻ വധക്കേസിൽ കേസിൽ 17 പ്രതികൾ ; പോലീസ് കുറ്റപത്രം സമർപ്പിച്ചു:

മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 17 പേരെ പ്രതി ചേർത്താണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പ്രവർത്തകർ രാഷ്ട്രീയ വൈരാഗ്യത്തോടെ നടത്തിയ കൊലപാതകമാണ് പുന്നോൽ ഹരിദാസൻ്റേതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആറുപേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. 11 പേർക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ബിജെപി മണ്ഡലംപ്രസിഡൻ്റ് ലിജേഷിന് കൃത്യത്തിൽ നേരിട്ട് പങ്കെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. ഗൂഡാലോചന വ്യക്തമാകുന്ന നിരവധി ഫോൺ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽദാസിനെ ഒളിവിൽ പാർക്കാൻ സഹായം ചെയ്ത പിണറായി സ്വദേശിനിയും അധ്യാപികയുമായ രേഷ്മ കേസിൽ 15 ആം പ്രതിയാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേരെ ഇനിയും പിടികിട്ടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെയാണ് ഹരിദാസനെ ആർ.എസ്.എസ്- ബി.ജെ.പി. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

കേസിലെ മൂന്നാം പ്രതിയും കൊലയാളി സംഘത്തിന് ഹരിദാസിനെ കാട്ടിക്കൊടുത്ത സുനേഷ് എന്ന മണിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കൊലയാളി സംഘവുമായി സുനേഷ് ബന്ധപ്പെട്ടു എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലയെന്ന നിരീക്ഷണത്തോടെയാണ് കോടതി ഇയാൾക്ക് ജാമ്യം നൽകിയത്. അന്വേഷണം തുടരുന്നതിനാൽ ബാക്കി 10 പേരുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി തള്ളി. അധ്യാപിക രേഷ്മയ്ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇരുപതിലധികം വെട്ടുകൾ ശരീരത്തിലേറ്റിരുന്നു. വലതു കാലിൽ മാരകമായ നാല് വെട്ടുകളുണ്ടായിരുന്നു. തുടയ്ക്കും വെട്ടേറ്റു. ഇരു കൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു

ഇരുപതിലധികം വെട്ടുകൾ ഹരിദാസന്റെ ശരീരത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോ‍ർട്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് റിപ്പോ‍ർട്ടിൽ പറയുന്നു.