കണ്ണൂരിൽ മോഷണ ശ്രമത്തിനിടെ യുവാവ് കിണറ്റിൽ വീണു

കണ്ണൂരിൽ ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കിണറ്റില്‍ വീണു. നിലവിളി കേട്ടെത്തിയ അയല്‍ക്കാരും അഗ്‌നിരക്ഷാസേനയും കള്ളനെ കരയ്ക്ക് കയറ്റി പോലീസിന് കൈമാറി. മോഷണ ശ്രമത്തിനിടെ മുയ്യം സ്വദേശി എ പി ഷമീറാണ് കിണറില്‍ വീണത്കണ്ണൂര്‍ എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ  മുയ്യം അമ്പിലോട്ട് പുതിയപുരയില്‍ ഷെമീറാ(35)ണ് മോഷണശ്രമത്തിനിടെ കിണറ്റില്‍ വീണത്. തുമ്പത്തടത്തെ കേളോത്ത് പവിത്രന്‍ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തുമണിയോടെ ഷമീര്‍ മോഷണത്തിനെത്തിയത്. പവിത്രന്‍ മാസ്റ്ററും ഭാര്യയും വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടില്‍ സ്‌കൂട്ടര്‍ ഒളിപ്പിച്ചു. തുടര്‍ന്ന് കിണറിന്റെ ആള്‍മറയില്‍ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു. പാരപ്പറ്റിലെ ഇഷ്ടിക അടര്‍ന്നതോടെയാണ് പിടിവിട്ട് കിണറിലേക്ക് പതിച്ചത്. കിണറ്റില്‍നിന്ന് കള്ളന്‍റെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ,ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കരയ്ക്ക് കയറ്റി പോലീസിന് കൈമാറി.