കണ്ണൂർ പിലാത്തറയിൽ ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്ത് ദൃശ്യം പകർത്തിയ ഡോക്ടർക്ക് മർദ്ദനം

കണ്ണൂർ പിലാത്തറയിലെ കെ സി റസ്റ്റോറന്റിൽ ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദ്ദിച്ച ഹോട്ടൽ ഉടമയും 2 പേരും റിമാൻഡില്‍. ഹോട്ടൽ ഉടമ കെ സി മുഹമ്മദ്, സഹോദരി സമീന, സെക്യൂരിറ്റി ദാസന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് കാസർഗോഡ് ബന്തടുക്ക പി എച്ച് സി യിലെ ഡോക്ടർ സുബ്ബരായൻ ഉൾപ്പെടെ 31 പേർ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണത്തിനു ശേഷം ശുചിമുറിയിൽ പോയ ഡോക്ടർ കക്കൂസ് മുറിയിൽ നിന്നും അരിയും പച്ചക്കറികളുമെടുത്ത് പുറത്തു വരുന്ന ജീവനക്കാരനെ കണ്ടതോടെയാണ് ഡോക്ടർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ഇത് കണ്ടതോടെ ഹോട്ടൽ ഉടമ മുഹമ്മദ് മൊയ്‌ദീൻ,സഹോദരി സമീന, സെക്യൂരിറ്റി ജീവനക്കാരൻ ദാസൻ എന്നിവർ ചേർന്ന് സുബ്ബരായയെ മർദിക്കുകയായിരുന്നു. കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പരിയാരം പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. മൊബൈൽ മോഷണം ഉൾപ്പെടെയുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.