പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുന്നത്.
പെൺകുട്ടിയെ വേദിയിൽ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടർന്നാണ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. സമസ്തയുടെ നിലപാടുകൾ കാലോചിതമായി പരിഷ്കരിച്ചവയാണെന്നും ബാലാവകാശ കമ്മിഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്ത വ്യക്തമാക്കി.