ജയിച്ചാലും സമനില നേടിയാലും കിരീടം: തോറ്റാൽ മുഹമ്മദൻസ്‌ ജേതാക്കൾ

കൊല്‍ക്കത്ത: ഐലീഗ് കിരീടം നിലനിർത്താൻ ഗോകുലം കേരള എഫ്സി ഇന്ന് മുഹമ്മദൻസിനെ നേരിടും. ജയിച്ചാലോ സമനില നേടിയാലോ ഗോകുലത്തിന കിരീടം നേടാം. ഗോകുലകത്തെ തോൽപ്പിച്ചാൽ മുഹമ്മദൻസാകും ജേതാക്കൾ. രാത്രി ഏഴിനാണ് മത്സരം.

അവസാന പോരിൽ കൊമ്പ് കോർക്കാനൊരുങ്ങുമ്പോൾ ഗോകുലം കേരളയ്ക്കും മുഹമ്മദൻസിനും കിരീടപ്രതീക്ഷയുണ്ട്. 17 മത്സരങ്ങളിൽ നിന്നും 12 വിജയമുള്ള ഗോകുലം 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 11 വിജയങ്ങൾ അക്കൗണ്ടിലുള്ള മുഹമ്മദൻസ് 37 പോയിന്റുമായി രണ്ടാമതും. ഇന്ന് ജയിച്ചാലോ സമനില നേടിയാലോ ഗോകുലം കേരളയ്ക്ക് കിരീടം നിലനിർത്താം.

ഐലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഗോകുലത്തെ കാത്തിരിക്കുന്നു. കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോൽവിയാണ് ടീമിന് തിരിച്ചടിയായത്. ശ്രീനിധി എഫ്സിക്കെതിരെ ചുവപ്പ് കാർഡ് കണ്ട നായകൻ ശരീഫ് മുഹമ്മദ് പുറത്തിരിക്കും. മലയാളി താരം ജിതിൻ എം.എസും ഇന്ന് കളിക്കില്ല. എന്നാൽ സ്ലോവേനിയൻ താരം ലൂക്കാ മെയ്സൻ തിരിച്ചെത്തുന്നത് ഗോകുലത്തിന് കരുത്താകും.

ഗോകുലത്തിനെ വീഴ്ത്തിയാൽ തമ്മിൽ ഏറ്റുമുട്ടിയപ്പോഴുള്ള വിജയത്തിന്റെ കണക്കിൽ മൊഹമ്മദൻസിന് കിരീടം ചൂടാം. അതിനാൽ തന്നെ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.