ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തിൽ വേട്ടക്കാരുടെ വെടിയേറ്റ് മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഘം മൂന്ന് പൊലീസുകാരെ വെടിവെച്ച് കൊന്നതായി പൊലീസ് അറിയിച്ചു. തോക്കുകളുമായെത്തിയ വേട്ടസംഘവുമായി പൊലീസ് ഏറ്റുമുട്ടി. ബൈക്കിൽ നിന്ന് പൊലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പൊലീസ് തിരിച്ചടിച്ചെങ്കിലും വേട്ടക്കാർ രക്ഷപ്പെട്ടെന്നും മിശ്ര പറഞ്ഞു.
സബ് ഇൻസ്പെക്ടർ രാജ്കുമാർ ജതാവ്, ഹെഡ് കോൺസ്റ്റബിൾ സന്ത് കുമാർ മീണ, കോൺസ്റ്റബിൾ നീരജ് ഭാർഗവ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് ഡ്രൈവർക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണമൃഗങ്ങളെ വേട്ടയാടാനായി വേട്ട സംഘം വനത്തിൽ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വനത്തിലേക്ക് പോയത്. വനമേഖലയിൽ നിന്ന് നിരവധി കൃഷ്ണമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അനുശോചനം രേഖപ്പെടുത്തി. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.