മരിച്ച മോഡല്‍ ഷഹാനയുടെ ഭർത്താവ് മയക്കുമരുന്ന് വ്യാപാരിയാണെന്ന് എസിപി കെ സുദർശനൻ. എംഡിഎമ്മും കഞ്ചാവും നിരന്തരം ഉപയോഗിക്കുന്നയാളും കഞ്ചാവിന്റെ ചെറുകിട വില്പനക്കാരനുമാണ് സജാദ്. മരിച്ച ദിവസം ഷഹാനയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നുമാണ് ഷഹാനയുടെ ഉമ്മ പറയുന്നത്. കൂടുതൽ സ്വർണം നൽകിയില്ലെങ്കിൽ മകളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിൽ സജാദിന്റെ കുടുംബത്തിനും പങ്കുണ്ടെന്നും ഉമ്മ ആരോപിക്കുന്നു. അല്പം മുമ്പാണ് പ്രതിയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വീട്ടിലെത്തുമ്പോൾ ഷഹാന തൂങ്ങിനിൽക്കുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ഖത്തറിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഷഹാനയെ വിവാഹം ചെയ്തത്. രണ്ടാഴ്ച്ച മുമ്പ് ഒരു സിനിമയുടെ പ്രതിഫലമായി കിട്ടിയ പണം ഉമ്മയ്ക്ക് കൊടുക്കണമെന്ന് ഷഹാന സജാദിനോട് പറഞ്ഞിരുന്നു. ഈ തുക തനിക്ക് വേണമെന്ന് പറഞ്ഞ് വലിയ വഴക്കുണ്ടായിരുന്നു. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. എന്നാല്‍ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.