കണ്ണൂരിൽ വൻ കവ‍ർച്ച; വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും പണവും കവർന്നു

കണ്ണൂര്‍ പെരളശ്ശേരിയിലെ വീട്ടിൽ വൻ കവ‍ർച്ച. പള്ളിയത്ത് ഒരു വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും പണവും കവർന്നു. പള്ളിയത്തെ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ച സ്വര്‍ണ്ണവും നാല് ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണ വീട്ടിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. സമീപത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. ചക്കരക്കൽ സി ഐ എൻ കെ സത്യനാഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. നിലവിൽ മൊബൈൽ ടവ‍ര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.