ചിലര്‍ മൗനം പാലിക്കുന്നതാണ് അപമാനം ഒഴിവാക്കാന്‍ നല്ലത് ; സമസ്ത നേതാവിനെതിരെ കെ.ടി.ജലീല്‍

വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി കെ.ടി.ജലീല്‍. ചിലര്‍ മൗനം പാലിക്കുന്നതാണ് അപമാനം ഒഴിവാക്കാന്‍ നല്ലത്. വിവാദത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

ചിലര്‍ വായ തുറക്കാതിരുന്നെങ്കില്‍ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂര്‍വ്വം പേരെങ്കിലും നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നത്. ‘നിങ്ങള്‍ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക’യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവര്‍ അനുസരിച്ചിരുന്നെങ്കില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേല്‍ അപഹാസ്യമാകുമായിരുന്നില്ല. കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ശില്‍പികള്‍ നയിച്ച പണ്ഡിത സഭ സമൂഹ മധ്യത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത നേതാക്കളും പ്രവര്‍ത്തകരും കാണിക്കണമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.