സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. പോസിറ്റീവ് കേസുകൾ ഇനിയും ഉയർന്നാൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാ‍ക്കുന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് ആലോചന തുടങ്ങി. ഏപ്രിൽ 10ന് സംസ്ഥാനത്ത് 223 കോവിഡ് കേസാണ് റിപ്പോ‍ർട്ടു ചെയ്തത്. എന്നാൽ, ഇതിനുശേഷം കോവിഡ് ബാധിച്ചവരുടെ ‍എണ്ണം കൂടുന്നു‍വെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നിന് 418 കേസുകളാണ് റിപ്പോ‍ർട്ടു ചെയ്തത്. 11 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 9 തവണ പ്രതിദിന രോഗബാധിതരുടെ എണ്ണം 300 കടന്നു. 28ന് 412 പോസിറ്റീവ് കേസുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാഷ് ബോർഡി‍ൽ കോവിഡ് 19 വിഭാഗത്തി‍ൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഏപ്രിലിൽ ആകെ 8754 പേർ കോവിഡ് പോസിറ്റീവായി, 9063 പേർ രോഗമുക്തി നേടി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഡെത്ത് ഇൻഫർമേഷൻ സിസ്‍റ്റത്തിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.