മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ ആത്മകഥ പുറത്തിറങ്ങി. ആത്മകഥയിലെ തനിക്കെതിരായ പരാമര്‍ശങ്ങളില്‍ ടിക്കാറാം മീണക്കെതിരെ പി.ശശി വക്കീല്‍ നോട്ടീസയച്ചിരുന്നു. മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടിസ് അയച്ചത്. അടിസ്ഥാന രഹിതവും കള്ളവുമായ പരാമര്‍ശമാണ് മീണ നടത്തിയത്. തന്നെ മനപൂര്‍വം തേജോവധം ചെയ്യാനാണ് ടിക്കാറാം മീണയുടെ ശ്രമമെന്നും പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നും പി.ശശി വക്കീല്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ മാപ്പ് പറയണം. മാനഹാനിക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് ടിക്കാറാം മീണ ‘തോല്‍ക്കില്ല ഞാന്‍’ എന്ന ആത്മകഥയില്‍ ആരോപിച്ചത്. വയനാട് കളക്ടറായിരിക്കെ സസ്‌പെന്റ് ചെയ്തതിന് പിന്നിലും പി ശശിയാണെന്നും ടിക്കാറാം മീണ ആത്മകഥ. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും ടിക്കാറാം മീണ പുസ്തകത്തില്‍ പറഞ്ഞു. വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്നു ബി സന്ധ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്.