അനന്തപുരി ഹിന്ദു സമ്മേളനത്തിലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിൽ പിസി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുഖ്യമന്ത്രിക്കും ഫിറോസ് പരാതി നൽകിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമാണ് പിസി ജോർജിന്റെ ശ്രമമെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പിസി ജോർജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറയുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോർജ് പറഞ്ഞു.