ഏപ്രിൽ, മെയ് മാസങ്ങളിൽ കെ.എസ്.ആർ.ടി.സിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്ന് കെ.എസ്.ആർ.ടി.സി. ഏകദേശം 750 ജീവനക്കാരാണ് ഏപ്രിൽ മെയ് മാസങ്ങളിൽ വിരമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലും റിട്ടയർമെന്റിനും കുറവിനും ആനുപാതികമായി സർവീസ് നടത്തുന്നതിനുള്ള ജീവനക്കാരെ ജനറൽ ട്രാൻസ്ഫര്‍ മുഖാന്തരം മെയ് മാസം പുനർ വിന്യസിക്കും. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൃത്യമാക്കി പട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിലാണ്.നിലവിൽ ആവശ്യത്തിനുള്ള ജീവനക്കാർ ഉണ്ടെങ്കിലും റിട്ടയർമെന്റ്, ലീവ്, അനധികൃത ഹാജരില്ലായ്മ എന്നിവ കാരണം ചില യൂണിറ്റുകളിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. അത് പുനക്രമീകരണത്തിലൂടെ നികത്തുവാൻ ആവശ്യമായ ജീവനക്കാർ നിലവിലുണ്ട്. പുനക്രമീകരണം പൂർത്തിയാകുന്നതു വരെ സർവീസ് ഓപ്പറേഷനെ ബാധിക്കാതിരിക്കുവാൻ ജീവനക്കാർ അധികജോലി ചെയ്യുന്ന വേതനം വർധിപ്പിച്ച് നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്