കൊയിലാണ്ടിയില്‍ ബിജിഷ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി വഴി പണം നഷ്ടമായിട്ടെന്ന് ക്രൈം ബ്രാഞ്ച്

കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജിഷ എന്ന യുവതി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളി വഴി പണം നഷ്ടമായിട്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. സ്വകാര്യ ടെലികോം കമ്പനിയിലെ സ്റ്റോറിലെ ജീവനക്കാരിയായിരുന്ന കൊയിലാണ്ടി ചേലയില്‍ സ്വദേശി ബിജിഷയെ 2021 ഡിസംബര്‍ 12 നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കു പോയി മടങ്ങി വന്നശേഷമായിരുന്നു ബിഎഡ് ബിരുദധാരിയായിരുന്ന യുവതി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാന്‍ പ്രശ്‌നങ്ങളൊന്നും യുവതിക്കില്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ മരണത്തിനു ദിവസങ്ങള്‍ക്കു ശേഷമാണ് ബിജിഷയുടെ വിവാഹത്തിനായി വീട്ടുകാര്‍ കരുതി വച്ചിരുന്ന 35 പവന്‍ സ്വര്‍ണം ബിജിഷ പണയം വച്ചതായും ബാങ്ക് അക്കൗണ്ട് വഴി പണം ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. രണ്ട് അകൗണ്ടുകള്‍ വഴി ഒരു കോടിയോളം രൂപയുടെ ഇടപാട് ബിജിഷ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ ഇടപാടുകള്‍ എന്തിനുവേണ്ടി, ആര്‍ക്കു വേണ്ടി എന്നതില്‍ വ്യക്തതയില്ലായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയിട്ടും ബിജിഷ മരിച്ചശേഷം പണം ആവശ്യപ്പെട്ട് വീട്ടില്‍ വരികയോ മറ്റ് മാര്‍ഗങ്ങളിലൂടെ ബന്ധപ്പെടുകയോ ചെയ്തില്ലെന്നതും വീട്ടുകാരില്‍ സംശയമുണ്ടാക്കിയിരുന്നു. ഇതോടെയാണ് ബിജിഷയുടെ ആത്മഹത്യക്കു പിന്നില്‍ ദുരൂഹതകളുണ്ടെന്ന് ആരോപിച്ചും വീട്ടുകാരും നാട്ടുകാരും രംഗത്തു വന്നത്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ലോക്ഡൗണ്‍ കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായത്. ആദ്യസമയത്ത് ചെറിയ രീതിയിലുള്ള ഗെയിമുകളായിരുന്നു കളിച്ചിരുന്നുതെങ്കിലും പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ളവയിലേക്ക് മാറി. ആദ്യമൊക്കെ കളിച്ചു ജയിച്ചു പണം കിട്ടി തുടങ്ങിയതോടെ വലിയ തുകകള്‍ ഇത്തരം ഗെയിമുകള്‍ക്കു വേണ്ടി മുടക്കാന്‍ തുടങ്ങി. യുപിഐ ആപ്പ് വഴിയായിരുന്നു പണം നിക്ഷേപിച്ചിരുന്നത്.

വലിയ തോതില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയതിനു പിന്നാലെ തുടര്‍ച്ചയായി ഗെയിമുകളില്‍ തോല്‍വിയും സംഭവിച്ചതോടെ 35 പവന്‍ സ്വര്‍ണമടക്കം പണയം വച്ച് പണമുണ്ടാക്കിയത്. അതുകൂടാതെ ഓണ്‍ലൈന്‍ വായ്പ്പ നല്‍കുന്ന കമ്പനികളില്‍ നിന്നും വലിയ തുകകള്‍ വായ്പ്പ വാങ്ങാനും തുടങ്ങി. പണം നഷ്ടപ്പെട്ടുകൊണ്ടേയിരുന്നപ്പോള്‍ വായ്പ്പ വാങ്ങിയ പണം തിരികെ കൊടുക്കാനും വഴിയില്ലാതായി. അടവ് മുടങ്ങിയതോടെ പണം കടം കൊടുത്തവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം അവരെ മോശമായി ചിത്രീകരിച്ചുകൊണ്ട് പണം കടം വാങ്ങിയ കാര്യം മെസേജ് അയക്കാനും തുടങ്ങി. ഇതെല്ലാമാണ് ജീവനൊടുക്കാന്‍ ബിജിഷയെ പ്രേരിപ്പിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.