ഹരിദാസ് വധക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്; മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു

കണ്ണൂർ പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ. ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസ് സിപിഎം പ്രവർത്തകൻ പ്രശാന്തിൻ്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. പാർട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നുവെന്ന് സിപിഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ പറഞ്ഞു.

ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ഇന്നലെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതികരണം. സിപിഎം രാഷ്ട്രീയമായി അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവിൽ കഴിയാൻ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിചില്ലെന്നും പ്രശാന്തിൻ്റെ കുടുംബവുമായി ഇനിയും സഹകരിക്കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.

പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച സുഹൃത്തായ വീട്ടുടമസ്ഥ പി എം രേഷ്മയും അറസ്റ്റിലാണ്. രേഷ്മയും നേരത്തെ എസ്എഫ്ഐ പ്രവർത്തകയായിരുന്നു എന്നാണ് വിവരം. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണിവർ. ഇവരെ റിമാൻഡ് ചെയ്തു. രേഷ്മ വഴിയാണ് വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.

അതിനിടെ ഇന്നലെ രാത്രിയുണ്ടായ ബോംബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. മുഖ്യ മന്ത്രിയുടെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയാണ് പിടിയിലായ പ്രതി ഒളിവിൽ കഴിഞ്ഞ വീട് .