വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ അറിയിച്ചു. 50 മില്യൺ യെമൻ റിയാൽ എങ്കിലും ബ്ലഡ്മണിയായി നൽകേണ്ടി വരുമെന്നാണ് അറിയിപ്പ്. 10 മില്യൺ യെമൻ റിയാൽ കോടതി ചെലവും പെനാൽട്ടിയും നൽകണം. റമസാൻ അവസാനിക്കും മുമ്പ് തീരുമാനം അറിയിക്കണമെന്നും യെമൻ അധികൃതർ അറിയിച്ചു. യെമനിലേക്ക് പോകാനുള്ള കേന്ദ്രസർക്കാർ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍.
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മോചന സാധ്യത മങ്ങിയിരുന്നു. മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള ശ്രമത്തിനിടയിലാണ് ഇപ്പോള്‍ പ്രതീക്ഷയുടെ വാര്‍ത്ത. തലാലിന്‍റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. യെമനിലെ മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം അധികൃതര്‍ ജയിലിലെത്തി നിമിഷ പ്രിയയെ അറിയിച്ചു. 50 മില്യണ്‍ യെമന്‍ റിയാല്‍ (ഏകദേശം 70 ലക്ഷം രൂപ) ആദ്യഘട്ടത്തില്‍ തലാലിന്റെ കുടുംബത്തിന് നല്‍കണം. കോടതി ചെലവും പെനാല്‍ട്ടിയുമായി 10 മില്യണ്‍ റിയാല്‍ (ഏകദേശം 14 ലക്ഷം രൂപ) അടയ്ക്കുകയും വേണം. തലാലിന്‍റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ എത്ര ദയാധനം നല്‍കണമെന്ന കാര്യത്തിൽ തീരുമാനം ആകുകയൊള്ളു.