എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് പിന്തുണയുമായി മുതിർന്ന സിപിഎം നേതാവ് എം.എ ബേബി. ഇ പി ജയരാജന്റെ വാക്കുകളിൽ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും എം.എ ബേബി പറഞ്ഞു. മുസ്‌ലിം ലീഗിനെ ഇ.പി ജയരാജൻ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാതലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മറ്റു പാർട്ടികളിലേക്കുള്ള ആളുകളെ എൽ.ഡി.എഫിൽ കൊണ്ടു വരികയാണ് ലക്ഷ്യം. യു.ഡി.എഫിൽ ഘടക കക്ഷികൾ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ.പി ചൂണ്ടിക്കാട്ടിയതെന്നും എം.എ ബേബി പറഞ്ഞു. അതേസമയം, ഇടത് മുന്നണിയിലേക്കുള്ള എൽഡിഎഫ് കൺവീനർ ഇപി ജയരാജൻറെ ക്ഷണം കുരുക്കാണെന്ന വിലയിരുത്തലാണ് മുസ്ലിം ലീഗിനുള്ളത്. ഒരേ സമയം യുഡിഎഫിനകത്തും പാർട്ടി അണികളിലും ആശയക്കുഴപ്പമുണ്ടാക്കുയാണ് ലക്ഷ്യമെന്ന് ലീഗ് നേത്യത്വം കരുതുന്നു. യുഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന തീരുമാനം ആവർത്തിച്ച് പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ലീഗ് നേത്യത്വത്തിന്റെ നീക്കം.