ഡൽഹി ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ മാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നേരിട്ടിറങ്ങി തടഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജഹാംഹീർപുരിയിലെ പള്ളിയടങ്ങുന്ന കെട്ടിടങ്ങളാണ് കോടതി വിധിക്കു പിന്നാലെയും ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതര്‍ പൊളിക്കാൻ ആരംഭിച്ചത്. പിന്നാലെ, ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ സി.പി.എം നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമെത്തി നടപടി തടയുകയായിരുന്നു. അതിനിടെ, കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഉത്തരവ് ബന്ധപ്പെട്ടവരെ അറിയിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹരജിയിൽ ഇന്നു രാവിലെ 10.45നാണ് കോടതിയുടെ ഇടപെടലുണ്ടായത്. അനധികൃത കെട്ടിടങ്ങളെന്നു ചൂണ്ടിക്കാട്ടിയാണ് ജഹാംഗീർപുരിയിൽ മുനിസിപ്പൽ കോർപറേഷൻ പൊളിക്കൽ ആരംഭിച്ചത്. സ്ഥലത്ത് തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു. എന്നാൽ, ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് സ്റ്റേ വന്ന ശേഷവും മണിക്കൂർനേരം ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ്‍ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത് അധികൃതർ തുടര്‍ന്നു. ഇതോടൊപ്പം സമീപത്തെ മറ്റു കെട്ടിടങ്ങളോ ക്ഷേത്രമോ അധികൃതർ തൊട്ടില്ലെന്നും പരാതിയുയർന്നിട്ടുണ്ട്.